Wednesday, July 8, 2009

സായീ... ബ്ബ ബ്ബ ബ്ബ

(തലക്കെട്ട് കണ്ട് കോഴിയെ വിളിക്കുന്നപോലെ തോന്നിയോ?

ഇല്ലേ? !!!

നിരാശയുണ്ട്.

തോന്നണം.)



സായിബാബയെക്കുറിച്ച് ആദ്യമായൊരു എതിരഭിപ്രായം കേൾക്കുന്നത് കാലങ്ങൾക്കു മുൻപ് നാട്ടിൽ വച്ചാണ്. മനുഷ്യദൈവങ്ങളെ വെറുക്കുന്ന ഒരു ‘മനുഷ്യദ്രോഹി‘യിൽ നിന്ന്.

എന്നാൽ ബാബയെക്കുറിച്ച് ‘കാവി ചുറ്റിയ കുണ്ടനാണോ ഇയാൾ‘ എന്ന ശങ്ക മനസ്സിൽ ജനിപ്പിച്ചത് ഇന്നലെ ഒരു സ്നേഹിതൻ അയച്ച വീഡിയോ കണ്ടതിനുശേഷമാണ്.

(വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം താഴെ കൊടുത്തിട്ടുണ്ട്.)

നിങ്ങളിൽ പലരും അത് കണ്ടിരിക്കും. ഇതിനോടകം ചിലരെങ്കിലും അതൊരു പോസ്റ്റായി ബ്ലോഗിൽ എത്തിച്ചിട്ടുമുണ്ടാവും. എന്റെ വകയും കിടക്കട്ടെ ഒന്ന്.

ബി.ബി.സി സായിബാബയുടെ ‘കാപട്യങ്ങൾ‘ തുറന്നുകാട്ടിയെത്രെ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ താറടിച്ചുകാണിക്കാൻ സായ്പ്പന്മാർ നടത്തിയ ശ്രമമായി ഇതിനെ കാണുന്നവരുമുണ്ടാവാം.

പുട്ടപർത്തിയിലെ ഒരു ‘കാവിക്കാരനു ‘ ബദലായി പോട്ടയിൽ ഡസൻ കണക്കിന് ‘വെള്ളക്കാർ’ ഇതിലും വലിയ കുണ്ട,വദന സുരത കേളികളാറാടുന്നത് ബി.ബി.സി കാണിക്കുവോടാ ഉവ്വേ എന്ന് വികാരപരവശരായി ചോദിക്കുന്നവരുമുണ്ടാവാം. അത്തരക്കോരോട് പറയട്ടെ. നിങ്ങൾക്ക് നിരാശ വേണ്ട. ‘വെള്ളക്കാർ‘ വാ പിളർന്ന് ലിംഗം സ്വീകരിക്കുമെങ്കിൽ ‘കാവിക്കാരൻ‘ സ്വീകരിക്കുക മാത്രമല്ല ഉദരത്തിൽ നിന്ന് വദനത്തിലൂടെ സുവർണ്ണലിംഗം പുറത്തെടുക്കുകയും ചെയ്യുന്നില്ലേ? അതും സാക്ഷാൽ പരമശിവന്റെ!! പോരാത്തതിന് 3 ടണ്ണോളം ലിംഗങ്ങൾ അദ്ദേഹത്തിന്റെ ഉദരത്തിലുമുണ്ടെത്രെ!! നമ്മൾ കാവിക്കാർ തന്നെ യോഗ്യർ. എടുത്താൽ കൊടുക്കും.


സന്മനസ്സുണ്ടെങ്കിൽ ദയവായി ഇത്തരം ആൾദൈവങ്ങളെ നമ്മുടെ വിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്തൂ. അവരെ നമുക്ക് വെറുക്കേണ്ടതില്ലായിരിക്കാം. ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഓരോരോ വേഷങ്ങൾ കെട്ടുന്നു. അത്രമാത്രം. എന്നാൽ നമ്മളിലെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടിനി അവരെ സുഖിക്കാൻ വിടരുത്.

ആൾദൈവങ്ങൾ ധാരാളം നല്ലകാര്യങ്ങൾ ചെയ്യുന്നുവെന്ന് വാദിക്കുന്നവരുണ്ടാവാം. എങ്കിലും അവർ ചെയ്യുന്ന തിന്മകൾക്കു മുന്നിൽ നന്മകൾ എത്രയോ അപ്രസക്തം. അല്ലെങ്കിൽ ആ നന്മകൾ തന്നെയല്ലേ ഈ വക കുണ്ടന്മാരുടെയും കുണ്ടികളുടെയുമൊക്കെ ‘രക്ഷാകവചം‘?


സായിബാബയുടെ കോടിക്കണക്കിനു വരുന്ന ആരാധകരെ അപമാനിക്കുക എന്ന ലക്ഷ്യം ഈ പോസ്റ്റിനില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെയും എന്റെ അവിശ്വാസം എന്നെയും രക്ഷിക്കട്ടെ.

( വിഷയത്തിന്റെ യോഗ്യത അനുസരിച്ചുള്ള ഭാഷയേ ഇവിടെ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളു. സംസ്കാരസമ്പന്നർ വിട്ടുകള. വായിച്ചിട്ട് ചീത്ത പറയാൻ തോന്നുന്നവർ വീഡിയോ 4-ഉം കണ്ടിട്ട് പറയുക )

വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം

ഇവിടെ ചിതറിക്കിടക്കുന്നവർ ജീവിച്ചിരുന്നെങ്കിൽ അവർക്കും പലതും പറയുവാനുണ്ടായിരുന്നേനേ...

Thursday, July 2, 2009

‘ല’ പോയ ഹരി

മുൻ‌കൂർ ജാമ്യം: ഈ പോസ്റ്റ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യപാനികളെ ന്യായീകരിക്കാനോ ഉള്ളതല്ല. ലഹരിയോടുള്ള എന്റെ കാഴ്ചപ്പാടുകൾ മാത്രം. സദാചാരികൾ എന്റെ മേൽ മെക്കിട്ടുകേറില്ലല്ലോ?

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്: മദ്യപാനം ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരം. എന്നാൽ മനസ്സിന്റെ ആരോഗ്യത്തിന് അത്യുത്തമം.




ലഹരി എനിക്ക് ഈശ്വരനെപ്പോലെയാണ്. അല്ലെങ്കിൽ ഈശ്വരൻ തന്നെയാണ്. വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബിയർ എന്നിങ്ങനെ ഓരോ മദ്യവിഭാഗങ്ങളെയും വ്യത്യസ്തമായ മത വിഭാഗങ്ങളായും അബ്സൊല്യൂട്ട്, ബക്കാർഡി, സ്മിർണോഫ്, ബ്ലാക്ക് & വൈറ്റ്, സിഗ്നേച്ചർ, വൈറ്റ് മിസ്ചീഫ്, ഒസിആർ, ഒപിആർ, ബർമുഡ, 8 പി.എം, ഷാർക്ക് റ്റൂത്ത്, കല്യാണി, ഹേയ്‌വാർഡ്സ്, കിങ്ങ് ഫിഷർ ഇങ്ങനെയുള്ള ബ്രാൻഡുകളെയൊക്കെ ഓരോരോ‍ മതവിഭാഗങ്ങൾക്കു കീഴില്പെടുന്ന ജാതികളായും ഞാൻ പരിഗണിച്ചുപോരുന്നു. ഇതിലേതാണ് എന്റെ ജാതിയെന്നോ മതമെന്നോ ചോദിക്കരുത്. ഞാൻ എല്ലാത്തിലും വിശ്വസിക്കുന്നു. തരം കിട്ടുന്നതൊക്കെ സേവിക്കുന്നു. എനിക്കറിയാം ഏതിൽ വിശ്വസിച്ചാലും സേവിച്ചാലും ലഹരിയെന്ന ഈശ്വരനെ ഞാൻ കാണുന്നു, അനുഭവിക്കുന്നുവെന്ന്.

‘കുടിക്കുവാൻ ഓരോരുത്തർക്കും ഒരോ കാരണങ്ങളുണ്ട്.‘ എന്നാൽ മദ്യപിക്കുന്നത് നല്ലതോ ചീത്തയോ എന്നു ചോദിച്ചാൽ ഉത്തരമില്ല. കുടിയന്മാർ കുടി ആസ്വദിക്കുന്നു. അവർ നല്ലതു പറയുന്നു. കുടിക്കാത്തവർ കുടിയെയും കുടിക്കുന്നവരെയും വെറുക്കുന്നു. അവർ ചീത്ത പറയുന്നു.

ശരീരത്തിന്റെ ആരോഗ്യത്തിന് കുടി നല്ലതല്ലെന്ന് ഞാൻ സമ്മതിക്കും. പക്ഷേ, മനസ്സിന്റെ ആരോഗ്യത്തിനത് ‘മിതമായ‘ കുടി അത്രകണ്ട് അപകടകരമാണോ? അറിവില്ലായ്മകൊണ്ടാവാം. എനിക്ക് സംശയമുണ്ട്.

ജീവിതത്തിൽ ഈ നിമിഷം വരെ മദ്യപിക്കുന്നതിൽ എനിക്ക് കുറ്റബോധമോ അപമാനമോ തോന്നിയിട്ടില്ല. “ഹരി, മദ്യപിക്കുമോ“ എന്ന് ആരെങ്കിലും ചോദിച്ചാൽ “ ഉവ്വ്. നന്നായി ആസ്വദിച്ചു തന്നെ. “ എന്നുത്തരം നൽകാൻ എനിക്കു മടിയും തോന്നിയിട്ടില്ല. കാരണം മദ്യം എനിക്ക് നല്ലതുമാത്രമേ നൽകിയിട്ടുള്ളു. വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ മദ്യത്തെ സേവിക്കുന്നത്. ഇന്നേവരെ മദ്യപിച്ച് ഞാൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. വഴിയരികിൽ കിടന്നുറങ്ങിയിട്ടില്ല. സമൂഹത്തിന് ശല്യമായിട്ടില്ല. വീട്ടുകാരെ കഷ്ടപ്പെടുത്തിയിട്ടില്ല. ആരെയും അസഭ്യം പറഞ്ഞിട്ടില്ല. ചുരുക്കിയാൽ, ‘മദ്യത്തിന് നാണക്കേട്‘ വരുത്തുന്ന ഒരുകാര്യവും ഞാൻ ചെയ്തിട്ടില്ലെന്ന് പറയാം.

മാത്രവുമല്ല മദ്യപിച്ചുകഴിഞ്ഞാൽ ക്ഷമ, സഹനശക്തി, സഹകരണമനോഭാവം, സ്നേഹം, കരുണ, ദയ, ഓർമ്മ, വിനയം, പ്രതിപക്ഷ ബഹുമാനം( ബഹുമാനിച്ചങ്ങപമാനിച്ച് കളേം ഞാൻ ) അങ്ങനെയെല്ല്ലാം വല്ലാതെകണ്ട് വർദ്ധിക്കുന്നതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. മദ്യം വ്യക്തിപരമായി എനിക്ക് നല്ലതേ നൽകിയിട്ടുള്ളു. ആരൊക്കെ എതിർത്താലും മദ്യത്തെക്കുറിച്ചെനിക്ക് നല്ലതുമാത്രമേ ഓർക്കാനുമുള്ളു.
ഭാര്യ, മാസംതോറും അവൾക്ക് ശമ്പളം കിട്ടുമ്പോൾ ഒരു തുക എനിക്ക് ‘നിപ്പനടി’യ്ക്കാനായി തരുന്നുവെന്നത് ഞാനൊരു നിരുപദ്രവകാരിയായ കുടിയനാണെന്നതിനു തെളിവല്ലേ? :)

കുടിക്കുവാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട് എന്നതുപോലെതന്നെ ഒരുവന് കുടി നിർത്താനും തന്റേതായ കാരണങ്ങളുണ്ടാവും. ഞാൻ കുറേക്കാലത്തേയ്ക്ക് കുടി നിർത്താൻ പോവുന്നതിനും ഒരു കാരണമുണ്ട്. അത് അനാരോഗ്യം മൂലമോ, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ധങ്ങളോ, കീശ അനുവദിക്കാത്തതുകൊണ്ടോ അല്ല. ലഹരീശ്വരന്റെ ഭക്തനായിരിക്കാനുള്ള യോഗ്യത ഞാൻ നഷ്ടപ്പെടുത്തി എന്നതിനാൽ മാത്രമാണത്. ചെയ്യാത്ത തെറ്റിന് ഞാൻ കാരണം ലഹരീശ്വരൻ പഴികേട്ടതിലുള്ള പ്രതിഷേധം അല്ലെങ്കിൽ എന്റെ അശ്രദ്ധകൊണ്ടുണ്ടായ ഒരപകടത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നത് ലഹരീശ്വരനാണെന്നതിലെ വിഷമം. ഇതൊക്കെയാണ് എന്നെ കുടി നിർത്താൻ പ്രേരിപ്പിച്ച ഘടകം.



കഴിഞ്ഞ ഞായറാഴ്ച എനിക്ക് പാലായിലുള്ള എന്റെ വീടുവരെ പോവേണ്ടി വന്നു. എന്റെ മകൻ ‘ദൈവിക് ദക്ഷിനെ’ കാണാൻ നാട്ടിൽനിന്നും വന്ന അച്ഛനെയും അനുജനെയും വീട്ടിലെത്തിച്ചു മടങ്ങുക എന്നതായിരുന്നു ഉദ്ദേശം. തിരികെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ബോറഡിക്കേണ്ടതില്ലല്ലോ എന്നു കരുതി എന്റെ സ്നേഹിതൻ മോനിയെയും കൂടെ കൂട്ടി. കുറേയായി അവനെന്റെ നാടുകാണണമെന്ന ആഗ്രഹവും പറയുന്നു. രാവിലെ 11 മണിയോടെ പാലായിലെത്തി. ഊണുകഴിഞ്ഞ് സ്വല്പം വിശ്രമിച്ചതിനുശേഷം ഞാൻ മോനിയെയും കൂട്ടി നാട്ടുവഴികളിലൂടെ നടന്നു. പാടവും തോടും കാവും കുളവും കലുങ്കും പോരാഞ്ഞ് ഞാൻ പ്രേമലേഖനം കൊടുത്തതിന്റെ പേരിൽ പഴയ കാമുകിയുടെ ആങ്ങളമാർ എന്നെ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഉടുമുണ്ടുമുരിഞ്ഞ് കൈയ്യിൽ പിടിച്ച് ശരവേഗത്തിൽ ഓടി രക്ഷപെട്ട ഇടവഴിയും വരെ അവന് കാണിച്ചുകൊടുത്തു.

വൈകിട്ട് ഏഴര മണിയോടെ ഞങ്ങൾ തിരിച്ചു.

രസകരമായ ഞങ്ങളുടെ യാത്ര അവസാനിച്ചത് രാത്രി 11.45 ഓടെ കന്യാകുളങ്ങര എന്ന സ്ഥലത്തുവച്ച് എന്റെ കാർ ഒരു കരിങ്കൽ മതിലിൽ ഇടിച്ച് തകരുമ്പോഴാണ്. സീറ്റ് ബെൽറ്റിന് നന്ദി. ഞങ്ങൾക്ക് കുഴപ്പങ്ങളൊന്നുമില്ല. മുൻ‌വശം പാടേ തകർന്ന എന്റെ സുന്ദരിക്കുട്ടിയുടെ മുഖമാണ് എന്നെ വേദനിപ്പിച്ചത്. പിന്നെ, കാത്തുസൂക്ഷിച്ച ചാരിത്ര്യം തകരുമ്പോൾ ‘പഴയകാല‘ പെൺകുട്ടിയുടെ ഉള്ളിൽ തോന്നുന്ന ഒരുതരം വിവരിക്കാനാവാത്ത വികാരവും തോന്നി. ഏഴുവർഷക്കാലമായി ഒരപകടവും വരുത്താത്ത ഡ്രൈവർ എന്ന എന്റെ സൽ‌പ്പേര് അല്ലെങ്കിൽ ചാരിത്ര്യം ആ കരിങ്കൽ മതിൽ കവർന്നിരിക്കുന്നു.

ലഹരീശ്വരന്റെ കോപമാവാം ഈ ആക്സിഡന്റിനു പിന്നിലെന്നും ഒരുനിമിഷം ചിന്തിച്ചുപോയി. അടിച്ച് കോങ്കിയായും വാഹനമോടിച്ചിട്ടുണ്ടെന്നു പറയുന്നത് അഭിമാനത്തോടെയോ അഹങ്കാരത്തോടെയോ അല്ല. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവാകാറുണ്ട് ഞാൻ. സ്പീഡ് 60 -നു മേളിൽ പോയ സംഭവമേ ഉണ്ടായിട്ടില്ല. ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല ഈ ശ്രദ്ധ. എന്റെ ലഹരീശ്വരന് പേരുദോഷമുണ്ടാക്കാരുതെന്ന ചിന്ത കൂടി അതിനുപിന്നിലുണ്ട്. എന്നാൽ അന്ന് ഒരു തുള്ളി കഴിക്കാതെ ഇത്തരമൊരു അപകടമുണ്ടാകുമ്പോൾ ....

ലഹരിയുടെ ബ്രാൻഡ് അംബാസിഡറായി സ്വയം വിശ്വസിക്കുന്ന ഞാൻ തുള്ളി കഴിക്കാതെയാണ് കാറോ‍ടിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേക്കില്ല. എന്നാൽ അതാണ് സത്യം. ക്രെഡിറ്റ്സ് ഗോസ് ടു മോനി. അതെ മദ്യവിരോധിയായ ആ ദുഷ്ടനുതന്നെ. എങ്കിലും ആളൊരു സഹൃദയനും സ്നേഹസമ്പന്നനും പരോപകാരിയുമൊക്കെയാണ്. എന്നാൽ കട്ടയ്ക്കു കട്ട നിൽക്കുന്ന നല്ലൊന്നാന്തരം കുടിയൻ കൂട്ടുകാർ എനിക്കുണ്ടെങ്കിലും ഞായറാഴ്ച നാട്ടിലേയ്ക്ക് പോയപ്പോൾ മോനിയെക്കൂടി കൂട്ടിയതിനു പിന്നിൽ അവന്റെയീ സ്വർഗ്ഗത്തിലേയ്ക്ക് ഉടലോടേ പോവാൻ മാത്രമുള്ള യോഗ്യതകൾ കണ്ടല്ല. മറിച്ച് അവൻ നല്ലൊരു ‘കേൾവിക്കാരൻ’ കൂടിയാണെന്നതുകൊണ്ടാണ്. വായാടിയായ എനിക്കുകിട്ടിയ ശക്തനായ ഇര. കുടിയന്മാർക്കൊരിക്കലും കേൾവിക്കാരാവാൻ കഴിയില്ലല്ലോ?

“കുറഞ്ഞത് 3 കുപ്പി ഇളവനോ 4 പെഗ്ഗോ കഴിച്ചിരുന്നുവെങ്കിൽ ഞാൻ ഉണർന്നേനേ, സത്യമായും ഞാനുണർന്നേനേ മോനി “ എന്ന് എം ജി സോമൻ സ്റ്റൈലിൽ ഒരു കുറ്റപ്പെടുത്തൽ ഞാൻ മോനിക്ക് നൽകി. അവനാണല്ലോ മദ്യപിച്ച് വണ്ടിയോടിച്ചാൽ അപകടമുണ്ടാവുമെന്ന് പറഞ്ഞുപറ്റിച്ച നീചൻ.


ഏതായാലും മനസ്സില്ലാമനസ്സോടെ എന്റെ സുന്ദരിക്കുട്ടിയെ വഴിയിലുപേക്ഷിച്ച് ,ഓടിക്കൂടി ആശ്വസിപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് , ‘പച്ച ജീവനോടെ ‘ വീട്ടിലെത്തിയ ഞാൻ കേട്ടത് അമ്മയും വാമഭാഗവും മദ്യത്തെ കുറ്റപ്പെടുത്തുന്നതാണ്. മദ്യപിച്ചതുകൊണ്ടാവും വണ്ടി ഇടിച്ചതെത്രെ!!!! എന്റെ ഇടനെഞ്ച് തകർന്നുപോയി. ‘‘മണത്തുനോക്കമ്മേ, മണത്തുനോക്കടി ഭാര്യേ“ എന്നുപറഞ്ഞ് ഇരുവരുടെയും മുന്നിൽ ‘മണ്ണുതിന്ന കണ്ണൻ വായ പിളർന്നു നിൽക്കുമ്പോലെ‘ ഞാനും നിന്നു. അപ്പോൾ ഞാൻ കേൾക്കുന്നത് അമ്മ ഭാര്യയോട് പറയുന്നതാണ് - “ എടീ, കുടിച്ചാ മണിമറിയാതിരിക്കാനുള്ള വല്ല മരുന്നും ഇവൻ കഴിച്ചിരിക്കും. നീ അവന്റെ വായിൽ നോക്കി നിൽക്കാതെ പോയിക്കിടന്നുറങ്ങിക്കോ “

അതുകേട്ട് എന്റെ വായ കൂടുതൽ പിളരുകയും കണ്ണുകൾ മിഴിയുകയുമാണ് ചെയ്തത്. ഒറ്റയെണ്ണത്തിന് വിശ്വാസമില്ല. കുടിച്ചാൽ മണമില്ലാതിരിക്കുന്ന മരുന്നുണ്ടെത്രെ!!! ഇനി... അങ്ങനെയൊന്നുണ്ടാവുമോ?

പിറ്റേന്ന്, കൂട്ടുകാരും ചോദിച്ചു. “ മച്ചൂ, നീ ശരിക്കും കിന്റായിരുന്നല്ലേ”ന്ന് !!! അപ്പോൾ തകർന്നതെന്റെ വലനെഞ്ചാണ്. മദ്യപിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നെടാ പുല്ലുകളേ എന്ന് പറയാനാണ് തോന്നിയത്.

ഒരുവൻ പോലും ഞാൻ മദ്യപിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്ക് സല്പേർ എനിക്കുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഹരിയെ ‘ല’ഹരിയായി എന്റെ ഓർക്കൂട്ടുകാർ മാത്രമായിരുന്നല്ലോ കണ്ടിരുന്നത്.

ഏതായാലും ഈ അപകടം ലഹരീശ്വരനാണ് ദുഷ്പേരുണ്ടാക്കിയതെന്നാണ് എന്റെ വിശ്വാസം. എനിക്കതിൽ ഖേദമുണ്ട്. ലഹരീശ്വരന്റെ ഭക്തനാവാനുള്ള യോഗ്യത എനിക്കുണ്ടാവും വരെ ഞാനിനി കുടിക്കില്ല. മദ്യമാവുന്ന ജാതിമതങ്ങളിലൂടെയല്ലാതെ ലഹരിയെന്ന ഈശ്വരനെ പ്രാപിക്കാൻ എനിക്കാവുമെന്ന് ഞാൻ തെളിയിച്ചു കാണിക്കും. ശിഷ്ട ജീവിതം, ലഹരീശ്വരാ നിന്നെ മനസ്സാ പൂജിച്ച് ഞാൻ തള്ളി നീക്കും. “വല്ലപ്പോഴുമൊക്കെ ഇത്തിരി കുടിക്കു ചേട്ടാ“ എന്ന് ഭാര്യയെക്കൊണ്ട് പറയിപ്പിക്കും. അടുത്ത ശമ്പളദിവസം അവൾ ‘നിപ്പൻ’ കാശ് എനിക്ക് തരുമ്പോൾ ഇത് നിന്റെ അപ്പന് കൊണ്ടെക്കൊടീ എന്നു മുഖത്തു നോക്കി പറയും. അവളുടെ ചൂളുന്ന മുഖം കണ്ട് ഞാൻ ലഹരിയിലാറാടും.

(എന്റെ ഭാര്യേ, നമ്മുടെ മകൻ വളർന്നുവരുമ്പോൾ ഒരിക്കൽ നിന്നോടവൻ ചോദിക്കും, ‘നല്ലൊരു കുടിയനായിരുന്ന എന്റെ അച്ഛനെ നിങ്ങളെല്ലാം കൂടി കുടിക്കാതാക്കിയില്ലേന്ന് ’ അവന്റെ കുറ്റപ്പെടുത്തൽ കേട്ട് കരയുന്ന നിന്നെ ഞാനാശ്വസിപ്പിക്കുമെന്ന ധാരണ നീ വച്ചുപുലർത്തണ്ട. നീ നിന്റെ ‘അമ്മായിഅമ്മയുടെ‘ വാക്കുകേട്ട് ഒന്നു മണത്തുപോലും നോക്കാതെ പിൻ‌തിരിഞ്ഞവളല്ലേ? നീയും എന്റെ ലഹരീശ്വരനെ പഴിച്ചില്ലേ? മാപ്പില്ല പെണ്ണേ. തുള്ളികുടിക്കാതെ ഞാൻ പക പോക്കും നിന്നോട്.

പിന്നെ, ഞാൻ പറഞ്ഞെന്നുകരുതി നീ നിപ്പനടിക്കാനുള്ള കാശ് നിന്റെ അപ്പന് കൊടുത്തേക്കല്ല്. )


:)

എന്റെ ഓർക്കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്: ഓർക്കൂ‍ട്ടിൽ ഇനി ‘ല’ഹരിയില്ല. വെറും ഹരി മാത്രം

എന്ന്,
ല പോയ ഹരി

പടവരച്ചുതന്നത് ശ്രീ. സുനിൽ പണിക്കർ (പണിക്കരേട്ടൻ )

Thursday, June 25, 2009

മാനവീയം റോഡിൽ സൌന്ദര്യം വിൽക്കുന്നവർ.

ഈ തലക്കെട്ട് നിങ്ങളിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചേക്കും. ഇത് വഴിയരികിൽ നിന്ന് സൌന്ദര്യം വിൽക്കുന്നവരുടെയോ അല്ലെങ്കിൽ അവരിൽ നിന്ന് സൌന്ദര്യം വാങ്ങാൻ ഞാൻ ശ്രമിച്ചതിന്റെയോ കഥയല്ല. തലക്കെട്ടുകണ്ട് ആരെങ്കിലും ഇത്തിരി എരിവും കുളിരും പുളിയുമൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.

തിരുവനന്തപുരത്തെ മനോഹരമായ മാനവീയം റോഡിൽ വച്ച് കഴിഞ്ഞദിവസം പരിചയപ്പെട്ട ചെറിയ രണ്ട് ആൺകുട്ടികൾ എനിക്കു നൽകിയ ചില അസ്വസ്ഥതകൾ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്.

അനന്തപുരിയിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ വീഥിയാണ് മാനവീയം റോഡെന്നാണ് എന്റെ ധാരണ. ഒന്നാമത്തേത് തീർച്ചയായും വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള രാജവീഥി തന്നെ. മാനവീയം റോഡിന്റെ ഒരറ്റത്ത് വയലാർ രാമവർമ്മയുടെയും മറ്റേയറ്റത്ത് ദേവരാജൻ മാസ്റ്ററിന്റെയും അർദ്ധകായ പ്രതിമകൾ. അല്ലെങ്കിൽ വയലാറിൽ നിന്ന് ദേവരാജൻ മാസ്റ്ററിലേയ്ക്കുള്ള അകലമാണ് മാനവീയം വീഥിയെന്നും യുക്തിയനുസരിച്ച് വിചാരിക്കാം. തിരക്കുകുറഞ്ഞ, വീതിയും വൃത്തിയും നിറയെ തണലുമുള്ള മാനവീയം വീഥിയിൽ, പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ വണ്ടി പാർക്കുചെയ്ത്, രാമേട്ടന്റെ തട്ടുകടയിൽ നിന്ന് വാങ്ങുന്ന ചായയും കടിയും വലിയും വാചകമടിയുമായി സമയത്തെ കൊന്നുതള്ളിക്കൊണ്ടിരിക്കും. ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ മാനവീയം റോഡിൽ വച്ച് ‘അഭിനയ‘ എന്ന നാടകസംഘത്തിന്റെ തെരുവുനാടകങ്ങളും നാടൻ പാട്ടുകളും ഉണ്ടാവാറുണ്ട്. ഉവ്വ്. മാനവീയം വീഥി മനോഹരി തന്നെ.

മൂഡ് ഔട്ട് ആവുമ്പോൾ ലീവെടുക്കുക , പിന്നെ കിട്ടുന്ന സ്നേഹിതരുമൊത്ത് മാനവീയം റോഡിൽ ‘അവൈലബിൾ പി.ബി’ കൂടുക. ഔട്ടായ മൂഡ് നിഷ്പ്രയാസം ഇൻ ആവും. ഇതാണിപ്പോൾ എന്റെ ശൈലി. അങ്ങനെ മൂഡ് ഔട്ടായ ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ഞങ്ങളെല്ലാം കൂടി കാറിലിരുന്ന് സൊറപറയുന്നു. ഞങ്ങളെന്നാൽ എന്റെ സ്നേഹിതനും അഡ്വക്കേറ്റുമായ ഷായേട്ടൻ, പോലീസുകാരനായ സെന്തിലേട്ടൻ, സഹകരണബാങ്ക് ജീവനക്കാരനായ മോനി, ജയ്ഹിന്ദ് ടി.വിയിലെ ക്യാമറാമാൻ സനോഷ് പിന്നെയീ ഞാനും.

ങ്ങങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് “ അണ്ണാ, സൌന്ദര്യം വർദ്ധിക്കുമണ്ണാ 2 സോപ്പുവാങ്ങണ്ണാ, 10 രൂപയേയുള്ളണ്ണാ” എന്ന് ഓരോ വാക്കിലുമോരോ ‘അണ്ണാ’നെ ചേർത്ത് രണ്ടാൺ കുട്ടികൾ ഞങ്ങളുടെ കാറിനടുത്തേയ്ക്ക് വന്നത്.

ഞാനോർക്കുന്നു. മൂത്തവൻ, സോപ്പിന്റെ കൂട് ചുമക്കുന്നവൻ, അബ്ദുൾ ഹമീദ്. ഇളയവൻ, ചേട്ടന്റെ പിന്നിൽ ചെറുനാണത്തോടെ നിന്ന ഇരുണ്ട, ചെമ്പൻ മുടിക്കാരൻ മുഹമ്മദ് ഹമീദ്. രണ്ടുപേരും ബീമാപള്ളി വാസക്കാർ. സ്കൂളിൽ പോവുന്നില്ല. വീട്ടിലെ ദാരിദ്ര്യമാണ് അവരെ സോപ്പുപെട്ടി ചുമപ്പിക്കുന്നത്. അച്ഛൻ ഹമീദിന് ഇറച്ചിവെട്ടായിരുന്നു പണി. രണ്ട് വർഷം മുൻപ് ‘മയ്യത്തായി‘. ഇവർക്ക് നാലുവയസ്സുകാരിയായ ഒരനിയത്തികൂടിയുണ്ട്. ഇത്രയും കാര്യങ്ങൾ ഞാൻ രണ്ടുപേരോടും ചോദിച്ചുമനസ്സിലാക്കി. അവരെ സന്തോഷിപ്പിക്കാനായി കുറച്ച് സോപ്പുകളും ഞങ്ങൾ വാങ്ങി. പിന്നെ, അവർ ‘സൌന്ദര്യം‘ വിൽക്കാനായി ഞങ്ങൾക്കു പിന്നിലായി പാർക്കുചെയ്തിരിക്കുന്ന വണ്ടിയ്ക്കടുത്തേയ്ക്കുപോയി.

കാറിലിരുന്ന് സൊറപറയുന്ന ഞങ്ങളും അത്താഴത്തിനുള്ള അരികണ്ടെത്താൻ അലയുന്ന ബാലന്മാരും!!!

എനിക്കെന്നോടുതോന്നിയത് പുച്ഛമാണ്. മേനി പറയുന്നതല്ല. സത്യമായും. എനിക്കെന്നോട് നീരസം തന്നെ തോന്നി. പക്ഷേ, ഒരു വ്യക്തിയ്ക്ക് മാത്രമായി ഈ സമൂഹത്തിനെന്തുചെയ്യാൻ കഴിയും? ഒന്നും സാധിക്കില്ല. മനസ്സുള്ളവർക്ക് , മാസവരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാം. എന്നാൽ അതുകൊണ്ടെന്താവാൻ? പല തുള്ളി പെരുവെള്ളം എന്ന വിശ്വാസമെനിക്കില്ല. പലയിടത്തായി പലതുള്ളി തൂകിയതുകൊണ്ടൊന്നും സംഭവിക്കാനില്ല. തൂകുന്ന തുള്ളിയുടെ ഉടമയ്ക്ക് ലഭിക്കുന്ന തൃപ്തിയൊഴിച്ച്. ലഭിക്കുമെന്ന് വിശ്വസിക്കുന്ന പുണ്യമൊഴിച്ച്. ഒന്നും സംഭവിക്കാനില്ല. പാവപ്പെട്ടവർ പാവപ്പെട്ടവരായി നിലകൊള്ളും. ധനികർ കൂടുതൽ ധനികരായി മാറിക്കൊണ്ടിരിക്കും. പിച്ചക്കാശ് നൽകുന്നവർ സ്വർഗ്ഗം പൂകുമെന്ന് കണക്കുകൂട്ടി ജീവിച്ചുകൊണ്ടുമിരിയ്ക്കും. ലോകം ഇങ്ങനെ തന്നെ മുന്നോട്ടുപോവും.

മാറ്റങ്ങൾ വരുത്തേണ്ടത് ഭരണാധിപരാണ്. മാറ്റങ്ങൾ വരേണ്ടത് അവരുടെ ചിന്താഗതികൾക്കുമാണ്. സമൂഹത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഇനി വ്യക്തികൾ മുതിർന്നിട്ടു കാര്യമില്ല. സർക്കാർ തന്നെ അതിനു മുന്നിട്ടിറങ്ങണം. എസ്കോർട്ടും മറ്റുപരിവാരങ്ങളുമായി വിലകൂടിയ കാറിൽ മന്ത്രിമാർ പരക്കം പാ‍ഞ്ഞാൽ ദാരിദ്രരെ കാണുവാനോ ദാരിദ്ര്യം നീക്കുവാനോ സാധിക്കില്ല. പണ്ടുകാലത്തെ ജന്മികൾ അല്ലെങ്കിൽ സവർണ്ണർ പാവപ്പെട്ടവരെ തങ്ങളുടെ വഴികളിൽ നിന്ന് ആട്ടിപ്പായിച്ച് നടന്നതുപോലെ ഇപ്പോൾ മന്ത്രിമാർ പോലീസ് സഹായത്തോടെ നമ്മൾ ജനങ്ങളെ തുരത്തിയോടിച്ച് ചീറിപ്പായുന്നു. ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല. ദാരിദ്ര്യമോ കഷ്ടപ്പാടോ മന്ത്രിപുംഗവന്മാർ അറിയുന്നേയില്ല.

മാനവീയം റോഡിൽ കണ്ട ഈ കുട്ടികൾ നാളെ എന്തായിത്തീരും? പത്തുവയസ്സ് തികയും മുൻപേ ജീവിതഭാരം പേറാൻ വിധിക്കപ്പെട്ട ഈ കുട്ടികൾക്ക് സമൂഹത്തോട് എന്തുവികാരമാവും തോന്നുക? പക തന്നെ തോന്നിയേക്കാം. ഇപ്പോൾ നിരാശകൾ തിരിച്ചറിയാൻ കഴിയാത്ത ആ ബാല്യങ്ങൾ സൌന്ദര്യം വിറ്റ് വയറുവീർപ്പിക്കാൻ ശ്രമിച്ചേക്കാം. നാളെ? നാളെ സമൂഹമാവും അവരുടെ ഒന്നാം നിര ശത്രുക്കൾ. ഞാൻ ഭയപ്പെടുന്നുണ്ട് ആ അവസ്ഥയെ.

കാശ്മീരിലേയ്ക്ക് തീവ്രവാദപ്രവർത്തനത്തിനയച്ചവരിൽ ബീമാപള്ളിക്കാരുമുണ്ടായെത്രെ. നാളെ ഈ കുരുന്നുകളും തിവ്രവാദികളുടെ കരങ്ങളിലെ ആയുധമാവില്ലെന്നാരു കണ്ടു. ഹൈന്ദവ വിരോധമോ, രാഷ്ട്രബോധമില്ലായ്മയോ ഒന്നുമല്ല ഒരു മുസൽമാനെ തീവ്രവാദിയാക്കുന്നത്. ദാരിദ്ര്യവും അവഗണനയും ഒറ്റപ്പെടലുകളും നിരാശയും വിദ്യാഭ്യാസത്തിന്റെ അഭാവവുമൊക്കെയാണ് ഒരുവനെ ചാവേറാക്കുന്നത്.മരിച്ചു കഴിഞ്ഞാൽ അവന്റെ വീടിനു ലഭിക്കുന്ന തുക! പിന്നെ ഇസ്ലാമിനുവേണ്ടി മരിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന വിശ്വാസം!!

ഇപ്പോൾ നമ്മൾ കണ്ട ഈ കുരുന്നുകൾ - അബ്ദുൾ ഹമീദ്, മുഹമ്മദ് ഹമീദ് - ഇവരെ അതുപോലെ ഇവരേപ്പോലുള്ള സകല ജനതയെയും നമ്മൾ സംരക്ഷിക്കണം. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും നൽകണം. അവർ നമ്മുടെ നാടിന് മുതൽക്കൂട്ടാവും. ഭാരതത്തിലെ സകല കുട്ടികൾക്കും ഒരേപോലുള്ള വിദ്യാഭ്യാസം നൽകാൻ സർക്കാർ ശ്രമിക്കണം.

തിരുവനന്തപുരത്തുതന്നെ എത്രയോ തരം സ്കൂളൂകളുണ്ട്. നായരുടെയും നസ്രാണിയുടെയും മുസ്ലീമിന്റെയും ഈഴവന്റെയും സർക്കാരിന്റെയുമായി. ഓരോ സ്കൂളിനും ഓരോ നിലവാരം. പരസ്പരം മത്സരം. സ്കൂൾ പ്രവേശനത്തിന് അച്ഛനമ്മമാരെ വരെ ഇന്റർവ്യൂ ചെയ്യൽ. ചെറിയ ക്ലാസ്സുകളിലേയ്ക്കുപോലും താങ്ങാനാവാത്ത ഡൊണേഷൻ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ വളർന്നുവരുന്നത് പല നിലവാരത്തിലുള്ള കുട്ടികൾ.

മാതാപിതാക്കൾ സാമ്പത്തികശേഷിയും വിദ്യാഭ്യാസവും കുറഞ്ഞവരാണെങ്കിൽ അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ പാടില്ലെന്നുണ്ടോ? 20 വയസ്സുവരെയെങ്കിലും എല്ലാ കുട്ടികൾക്കും ഒരേപോലെ ഏറ്റവും മുന്തിയ നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ എന്താണ് സർക്കാരിന് തടസ്സമാവുക? പണമോ? ഒരോ സാമ്പത്തികവർഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന അഴിമതിയുടെ കണക്കെടുക്കുക. അങ്ങനെ കക്കുന്ന പണത്തിന്റെ പത്തിലൊന്നുമതി സകലകുട്ടികൾക്കും നല്ല വിദ്യാഭ്യാസവും പരിരക്ഷയും നൽകാൻ. പോരാന്നുണ്ടോ?

നമ്മുടെ കേരളത്തിലെ കാര്യം തന്നെയെടുത്താൽ ലാവ്‌ലിൻ വക നഷ്ടം 394 കോടിയിലേറെ. കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന് ഹൈക്കോടതിയിൽ വാദിക്കാൻ ദില്ലിയിൽ നിന്നും വക്കീലിനെ കൊണ്ടുവരാൻ ചിലവാക്കിയത് ലക്ഷങ്ങൾ. ഇപ്പോൾ പിണറായിയുടെ കേസ് നടത്താൻ കോട്ടയം ജില്ലയിലെ മാത്രം ക‌മ്യൂണിസ്റ്റുകാർ കൊടുക്കുന്ന തുക 50ലക്ഷം. കേരളത്തിൽ നിന്ന് മൊത്തമായി പിരിച്ചെടുക്കാനുദ്ദേശിക്കുന്ന തുക 30കോടിയിലേറെ.

കണിച്ചകുളങ്ങര കേസൊതുക്കാൻ ഹിമാലയ ഗ്രൂപ്പിൽ നിന്ന് രമേശ് ചെന്നിത്തല വാങ്ങിയെന്നു പറയുന്ന തുക കോടിയിലേറെ. പാമോലിൻ, ഇടമലയാർ അങ്ങനെ അങ്ങനെ ഈ കൊച്ചു കേരളത്തിൽ നിന്നും മാത്രം നഷ്ടപ്പെട്ട തുക എത്രയോ വലുതാണ്. ഇതിലൊന്നും ആർക്കും ഒരു പരാതിയുമില്ല. ഇവരെക്കുറിച്ച് ഞാനെന്തെങ്കിലും കുറിച്ചുപോയാൽ ഞാൻ വിവരദോഷിയായി, എന്റെ അച്ഛനമ്മമാർ തുമ്മിതുമ്മി ചാവേണ്ട ഗതിയുമായി.

അബ്ദുൾ ഹമീദേ, മുഹമ്മദ് ഹമീദേ എനിക്ക് സങ്കടവും നിരാശയുമുണ്ട്. എനിക്കാകെ കഴിയുന്നത് നിങ്ങളെ ഓർത്ത് ദു:ഖിക്കാനും ഇനിയും നേരിൽ കണ്ടാൽ - സൌന്ദര്യം വർദ്ധിപ്പിക്കാനാല്ലെങ്കിലും - നിങ്ങളുടെ പക്കൽ നിന്ന് സോപ്പുവാങ്ങാനുമാണ്. ഈ നാട്ടിൽ ജനിച്ചതായിരിക്കാം നമ്മുടെ കുഴപ്പം. എങ്കിലും നിങ്ങൾ നിരാശപ്പെടരുത്. ഒരു കാലം നിങ്ങൾ വിൽക്കുന്ന സോപ്പ് നമ്മുടെ നാടിനെത്തന്നെ സുന്ദരമാക്കും. നിങ്ങൾ സന്തോഷമായി ജീവിക്കും. കുഞ്ഞനിയത്തി നല്ല നിലയിലാവും. ഉമ്മ നിങ്ങളെയോർത്ത് അഭിമാനിക്കും. അതുവരെ എന്റെ അനുജന്മാരേ നിങ്ങൾ വഴിപിഴയ്ക്കരുത്. തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും പാതയിലേയ്ക്ക് ചുവടുവയ്ക്കരുത്. നിങ്ങൾക്ക് നന്മ വരട്ടെ. ഈ ലോകം നിങ്ങളുടേതാണ്.

എന്റെ വിഷമം പങ്കിടാ‍ൻ എനിക്ക് ബൂലോഗമുണ്ട്. നിങ്ങൾക്കതുമില്ലല്ലോ?!!

ഇതുവരെ കുറിച്ചപ്പോൾ റോഡിലൂടെ മന്ത്രി പുംഗവനെയും കൊണ്ടൊരു കൊറോള കാർ ശരവേഗത്തിൽ പായുന്നത് ഞാൻ കാണുന്നു. സംസ്കാര ശൂന്യനായ ഞാൻ ആ കാറിനെ നോക്കി ഒന്നു വിളിച്ചോട്ടെ - നാറി - എന്ന്.

വിളിച്ചു.

Monday, June 22, 2009

നായരുടെ കുര !

കഴിഞ്ഞ ദിവസം പെരുന്നയിലിരുന്നൊരു നായർ കോൺഗ്രസ്സിനെ നോക്കിയൊന്നു കുരച്ചു. കൊതിക്കെറുവിന്റെയും വിവരക്കേടിന്റെയും കുര. അഭിമാനബോധമുള്ള സകലനായന്മാരുടെയും ശിരസ്സുകുനിപ്പിച്ച കുര.

ജനിച്ചിട്ടിതുവരെ സ്വന്തം ജാതിയെക്കുറിച്ചോർക്കേണ്ട കാര്യം അധികമൊന്നും വന്നിട്ടില്ല. എന്നാൽ ഇന്നലെ നായരായിപ്പോയതിൽ ഞാൻ ആദ്യമായി ലജ്ജിച്ചു തലകുനിച്ചു. അതുപോലെ എത്രയോ നായന്മാരുടെ തലകൾ കുനിഞ്ഞിരിക്കും. ഈ ദുർഗതി നായന്മാർക്കുവരുത്തിയത് പെരുന്നയിലെ നായർ നേതൃത്വം തന്നെ. വിശേഷിച്ച് ജി. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി.

കേന്ദ്രമന്ത്രിസഭയിലേയ്ക്ക് കേരളത്തിൽ നിന്നും നായന്മാർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലായെന്നതാണ് സുകുമാരൻ നായരെ കുരയ്ക്കാൻ പ്രേരിപ്പിച്ച ഘടകം. ലോക് സഭാ
തിരഞ്ഞെടുപ്പിൽ സമദൂരസിദ്ധാന്തത്തിലുറച്ചു നിന്ന നായർ മഹാസഭയ്ക്ക് ധാർമ്മികമായി യോഗ്യതയുണ്ടോ ഇത്തരമൊരു ആവശ്യമുന്നയിക്കാൻ. സമദൂരമെന്നാൽ കോൺഗ്രസിനുള്ള പിന്തുണ എന്നല്ലല്ലോ. അല്ലെങ്കിൽ തന്നെ സമുദായപരിഗണനവച്ചാണോ മന്ത്രിസഭ രൂപീകരിക്കേണ്ടതും സ്ഥനാർഥികളെ നിശ്ചയിക്കേണ്ടതും? അങ്ങനെതന്നെയാണ് ഇപ്പോൾ അനുവർത്തിച്ചുവരുന്ന രീതി എന്നുമറന്നുകൊണ്ടല്ല ഞാനിതുപറഞ്ഞത്.

“സ്ഥാനാർഥി നിർണ്ണയത്തിലും കേന്ദ്രമന്ത്രിസഭാ പ്രാതിനിധ്യത്തിലും മറ്റുസമുദായങ്ങൾക്ക് കൊടുത്ത പരിഗണന എൻ.എസ്.എസിനു കിട്ടിയില്ല” എന്ന സുകുമാരൻ നായരുടെ വ്യാകുലത ജനിപ്പിക്കുന്ന സംശയം ക്രൈസ്തവമന്ത്രിമാർ ക്രിസ്ത്യാനികൾക്കും മുസ്ലീം മന്ത്രിമാർ അവരുടെ സമുദായത്തിനും ഈഴവമന്ത്രിമാർ ഈഴവർക്കും മാത്രമേ ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയുള്ളോ എന്നതാണ്. അങ്ങനെയെങ്കിൽ ബ്രാഹ്മണർ, പട്ടർ, പുലയർ, പറയൻ, വേലൻ, വേട്ടോൻ, മുക്കുവൻ, അരയൻ, കുശവൻ, തട്ടാൻ, കൊല്ലൻ, ആശാരി അങ്ങനെ സകലജാതിക്കും ഓരോ മന്ത്രിമാർ വേണ്ടിവരില്ലേ? എങ്കിലല്ലേ അവരുടെ സമുദായങ്ങൾക്കും അഭിവൃദ്ധിയുണ്ടാവൂ.

രാഷ്ട്രീയത്തിൽ മതപരമായ ഇടപെടലുകൾ അനുവദിക്കാതെ നോക്കേണ്ടത് രാഷ്ട്രീയക്കാർ തന്നെയാണ്. എന്നാൽ അവർതന്നെ ഇത്തരം സമുദായങ്ങളുടെ പിന്നാലെ പത്തോട്ടിനായി പരക്കം പായുന്നതും അങ്ങനെ ഇത്തരം സംഘടനകളെ സമ്മർദ്ധശക്തിയായി വളർത്തുന്നതും.

സമുദായസംഘടനകൾ സമൂഹത്തിന്റെമൊത്തത്തിലുള്ള വളർച്ചയ്ക്കായി പ്രവർത്തിക്കണമെന്ന് പറയേണ്ടതില്ല. അവരുടെ പ്രഥമപരിഗണന സമുദായത്തിന്റെ ഉന്നമനത്തിനുതന്നെയാവുകയെന്നത് സ്വാഭാവികം. ഓരോ സമുദായവും വളരുമ്പോൾ പരോക്ഷമായി സമൂഹം തന്നെയും നന്നാവുന്നു. എന്നാൽ അത്തരം ‘നന്നാവൽ‘ നന്നല്ല. മതേതരത്വമെന്നാൽ ആൾബലമുള്ള സമുദായങ്ങൾക്ക് ഭരണരംഗത്ത് നൽകുന്ന പ്രാതിനിധ്യമല്ല. ജാതിമത ചിന്തകൾക്കതീതമായി സകലജനത്തിനും ഒരുപോലെ ലഭ്യമാക്കേണ്ട നീതിയാണത്.

ഇനി നായന്മാരിലേയ്ക്ക് വന്നാൽ. നായർ സർവ്വീസ് സൊസൈറ്റി, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നായന്മാർക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായസഹകരണങ്ങൾ നൽകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അവർക്കൊരിക്കലും താങ്ങും തണലുമായിട്ടില്ല എൻ.എസ്.എസ്. അതിനാൽതന്നെ നായന്മാരെ മുഴുവനായി എൻ.എസ്.എസിന്റെ കൊടിക്കീഴിലെത്തിക്കാൻ പെരുന്നയിലെ പണിക്കർക്കും നായർക്കും ആയിട്ടുമില്ല. പെരുന്നയിൽ നിന്ന് പറഞ്ഞാൽ പറഞ്ഞവന് കുത്തുന്ന വോട്ടർമാരുമല്ല ശരശരി നായന്മാർ. അവർക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അന്തസ്സുമുണ്ട്. അതുകൊണ്ടുതന്നെ നായർ സർവ്വീസ് സൊസൈറ്റി ഒരിക്കലും ഒരു വോട്ട് ബാങ്ക് ആവുന്നുമില്ല. ഈ തിരിച്ചറിവുപോലുമില്ലാത്തവരാണ് ഇന്ന് കേരളത്തിലെ ഇരുമുന്നണികളും. അവർ മാറി മാറി പെരുന്ന നിരങ്ങുന്നു. മ്ലേച്ഛന്മാർ.

വെള്ളാപ്പള്ളി നടേശന് ഈഴവസമുദായത്തിൽ കുറെയെങ്കിലും പിടിപാടുണ്ടാവുന്നത് അദ്ദേഹത്തിന്റെ സാമ്പത്തികശേഷിയും കൈവശമുള്ള ഗുണ്ടായിസവും കൊണ്ടുമാത്രമല്ല. താഴേക്കിടയിലുള്ള ഈഴവകുടുംബംഗങ്ങൾക്ക് രക്ഷപെടാനുള്ള പല പദ്ധതികളും അദ്ദേഹം ആസൂത്രണം ചെയ്യുന്നു. നിർദ്ധനകുടുംബത്തിലെ ഈഴവസ്ത്രീകൾക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്യുന്നു. അങ്ങനെ കുറെയെങ്കിലും എസ്.എൻ.ഡി.പി യിൽനിന്നുമുള്ള പിന്തുണ ഈഴവർക്ക് ലഭ്യമാവുന്നുണ്ട്. അതുകൊണ്ടുതന്നെ എസ്.എൻ.ഡി.പിയ്ക്ക് കുറേയൊക്കെ കേരളരാഷ്ട്രീയത്തിൽ സമ്മർദ്ധശക്തിയാവാൻ സാധിച്ചിട്ടുമുണ്ട്.

നാട്ടിൽ, എന്റെ വീടിനുതൊട്ടടുത്ത് ഒരു നിർധന നായർ കുടുംബമുണ്ട്. മൂന്നുപെൺ‌മക്കളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം. മൂത്തപെൺകുട്ടി MA, B.Ed കഴിഞ്ഞവൾ. അവളുടെ അച്ഛൻ ഞങ്ങളുടെ കരയോഗം പ്രസിഡന്റുമായി പെരുന്നയിൽ പോയി എൻ.എസ്.എസിന്റെ സ്കൂളുകളിലെവിടെയെങ്കിലുമൊരു ജോലി തരപ്പെടുത്തി കൊടുക്കാൻ അപേക്ഷിക്കുന്നു. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി ചോദിച്ചത് 3 ലക്ഷമാണ്. 3000 രൂപപോലും മാസവരുമാനമില്ലാത്ത നായർക്ക് മൂന്നുലക്ഷം എവിടെനിന്നുണ്ടാവാൻ. അവരുടെ വസ്തുവിറ്റാൽ പോലും ഒരു ലക്ഷത്തിനപ്പുറത്തേയ്ക്കൊരു തുക ലഭിക്കില്ല. ആകെ അദ്ദേഹത്തിനു സ്വന്തമായുള്ളത് പേരിനുപിന്നാലെ ‘നായർ’ എന്നൊരു വാൽ മാത്രം. അതുകൊണ്ടുമാത്രം യാതൊരു സംവരണങ്ങൾക്കും അവർ അർഹരുമല്ല.

ചെറുപ്പത്തിൽ, നാട്ടിലെ വായനശാലയിൽ നിന്നും അപ്രതീക്ഷിതമായി കൈവശം വന്ന ഒരു ബുക്കാണ് നായരായി ജനിച്ചതിൽ അഭിമാനം കൊള്ളാൻ പ്രേരിപ്പിച്ചത്.

എന്റെ ഓർമ്മ ശരിയാണെങ്കിൽ അത് ശ്രീ. സി.ആർ കേശവൻ‌വൈദ്യർ എന്നോ മറ്റോ പേരായ ഒരാളുടെ ബുക്കാണ്. അതിൽ മന്നത്തു പത്മനാഭന്റെ ചരിത്രം കുറിച്ചിട്ടുണ്ട്. മന്നത്താചാര്യന്റെ ആദ്യപൊതുപ്രവർത്തനങ്ങളിലൊന്ന് വൈക്കം സത്യാഗ്രഹത്തെ പിന്തുണയ്ക്കാനായി സവർണ്ണരുടെ ഒരു ജാഥ നയിക്കുക എന്നതായിരുന്നല്ലോ? അവർണ്ണർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തിനായി സവർണ്ണർ ജാഥ നയിക്കുന്നു. മാത്രവുമല്ല വീട്ടിലെ അടുക്കളയിലിരുത്തി ഒരു പുലയനെ ഇലയിട്ടൂട്ടി ഊണുകഴിഞ്ഞ് ആ ഇല തന്റെ അമ്മയെക്കൊണ്ട് എടുപ്പിച്ചയാളുമാണ് ശ്രീ. മന്നത്താചാര്യൻ. എത്ര ഉദാത്തമായ മാതൃക. ആ വലിയമനുഷ്യന്റെ സമുദായത്തിൽ പെട്ട ആളാണല്ലോ താനും എന്ന അറിവാണ് എന്നിൽ അഭിമാനം ജനിപ്പിച്ചത്. ആ അഭിമാനം ഒരിക്കലും ഇന്നേവരെ എന്നെ ഒരു വർഗീയവാദി ആക്കിമാറ്റിയിട്ടുമില്ല. ഞാൻ എല്ലാ സമുദായങ്ങളെയും ഇഷ്ടപ്പെടുന്നു. ഒപ്പം എന്റെ സമുദായത്തെയും.

പക്ഷേ, ഇപ്പോൾ അപമാനം കൊണ്ടെന്റെ ശിരസ്സുകുനിയുന്നു സുകുമാരൻ നായരെ. പെരുന്നയിലെ അങ്ങയുടെ ഓഫീസിലിരുന്ന് ഗതികെട്ട നായന്മാരുടെ പക്കൽ നിന്നും ജോലിയ്ക്കും സ്കൂൾ പ്രവേശനത്തിനുമൊക്കെ സംഭാവനപിരിക്കുമ്പോൾ അത് നൽകുന്നവരുടെ മുഖത്തൊന്ന് തല ഉയർത്തി നോക്കാനുള്ള സന്മനസ്സുപോലും കാണിക്കാറില്ല താങ്കളെന്നെനിക്കറിയാം. പാവം പണിക്കരെ മൂലയ്ക്കിരുത്തി താങ്കൾ തന്നെയാണ് പെരുന്നയിൽ കിട്ടുന്ന പണത്തിന് പൊരുന്നയിരിക്കുന്നതെന്നും കേട്ടു. താങ്കൾ നായന്മാരുടെ നാവായി വർത്തിക്കേണ്ടതില്ല. അവശേഷിക്കുന്ന അഭിമാനവുമായി ഞങ്ങൾ ഇവിടെ ജീവിക്കട്ടെ.

ഇനി മേൽ, താങ്കൾ കുരയ്ക്കരുത്. ഞാനടക്കമുള്ള സകല നായന്മാരെ കാണുമ്പോഴും ഭവാൻ എഴുന്നേറ്റ് കാലുകൾക്കിടയിൽ വാൽ തിരുകി മോങ്ങണം. ആ ശബ്ദം വിധേയത്വത്തിന്റേതുതന്നെയാവണം.


മന്നത്താചാര്യനു മാത്രം പ്രണാമം.

Tuesday, June 16, 2009

‘ജേർണി ടു ട്രിവാൻഡ്രം‘

സുരേട്ടനെ കാണ്മാനില്ല!

രാത്രി പത്തരമണിയോടുകൂടി ബിജുവേട്ടനാണ് വിവരം വിളിച്ചറിയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഒരു ഇന്റർവ്യൂവിനായി എറണാകുളത്തേയ്ക്ക് സുരേട്ടൻ പോയിരുന്നു. അവിടെ റെയിൽ‌വേ സ്റ്റേഷനടുത്തായി തന്നെ ഒരു റൂമെടുത്തു. വെള്ളിയാഴ്ചയാണ് ഇന്റർവ്യൂ. അത് പാസായി.ശനിയാഴ്ച മെഡിക്കൽ . ഉടുതുണിയില്ലാതെ ഡോക്ടറിന്റെ മുന്നിൽ നിന്നും ചുമച്ചപ്പോൾ ‘സംഗതി യഥാവിധി ചലിച്ചതിനാൽ‘ അതും പാസായി. ഇനി പത്ത് ദിവസത്തിനകം സൌദിയിലേയ്ക്ക് ‘സേഫ്റ്റി എഞ്ചിനീയറായി’ പറക്കാം. അന്ന് രാത്രി സൈഗാൾ, ഞാഞ്ഞു, പ്രകാശ് എന്നീ സ്നേഹിതരോടൊപ്പം ആഘോഷിച്ചു. ഇത്രയും കാര്യങ്ങൾ അന്നു രാവിലെ സുരേട്ടനെന്നെ വിളിച്ചറിയിച്ചിരുന്നു. കൂടാതെ രാവിലെ തന്നെ ട്രെയിൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ള ദില്ലി-തിരുവനന്തപുരം വണ്ടിയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതാണെന്നും പറഞ്ഞു.

വൈകിട്ട് ആറരയോടെതന്നെ ഞാൻ തിരുവനന്തപുരം റെയിൽ‌വേ സ്റ്റേഷനിലെത്തി കാത്തുനിന്നിരുന്നു. ട്രെയിനിലെ അവസാന ആളായി പോലും സുരേട്ടൻ എത്താതിരുന്നതിനാൽ ഞാൻ അദ്ദേഹത്തിന്റെ മൊബൈലിലേയ്ക്ക് പലപ്രാവശ്യം വിളിച്ചു. ബെല്ലടിക്കുന്നതല്ലാതെ ആളെടുക്കുന്നില്ല. പിന്നെ ഒരു മെസ്സേജ് അയച്ച് കാൽ മണിക്കൂറുകൂടി കാത്തുനിന്നു.. ചിലപ്പോൾ പേട്ടയിലിറങ്ങി ഓട്ടോ പിടിച്ച് സുരേട്ടൻ പോയിരിക്കാമെന്നുള്ള വിചാരത്തിൽ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. ഊണുകഴിഞ്ഞ് ടി.വിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുമ്പോളാണ് ബിജുച്ചേട്ടന്റെ കോൾ. - സുരേട്ടനെ കാണ്മാനില്ല.

ഞാൻ അപ്പോൾ തന്നെ ബിജുവേട്ടന്റെ അടുത്തെത്തി. സൈഗാളിന്റെ നമ്പർ അദ്ദേഹത്തിന്റെ മൊബൈലിലുണ്ട്. - സൈഗാളും ബിജുവേട്ടനും സുരേട്ടനും പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിൽനിന്നും ഒരുമിച്ചു പഠിച്ചിറങ്ങിയതാണ്. ബിജുവേട്ടൻ സ്വന്തമായി ഒരു സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് ഫേം നടത്തുന്നു. ആറുവർഷങ്ങൾക്കുമുൻപ് സുരേട്ടൻ ബാംഗ്ഗ്ലൂരിൽ നിന്നും ജോലിമതിയാക്കി ബിജുവേട്ടന്റെ സ്ഥാപനത്തിൽ സി.ഇ.ഒ ആയി ചാർജെടുത്തു. ആ സ്ഥാപനത്തിലെ വെബ് ഡിസൈനറായാണ് ഞാൻ ജോലി തുടങ്ങുന്നത്. അന്നു മുതലുള്ള സ്നേഹമാണ് ഞങ്ങൾക്കിടയിലുള്ളത്. -

ബിജുവേട്ടൻ സൈഗാളിനെ വിളിച്ചു. ഉച്ചയ്ക്കുതന്നെ മംഗള എക്സ്പ്രസ്സിൽ സുരേട്ടനെ കയറ്റി ഒഴിഞ്ഞ ബെർത്തിൽ ‘കിടത്തി‘വിട്ടിരുന്നുവെന്ന് പറഞ്ഞു. സ്വാഭാവികമായും ഇരുന്നും നിന്നും പോരാനുള്ള അവസ്ഥയിലായിരിക്കില്ല സുരേട്ടനെന്ന് ഞങ്ങൾക്കറിയാം. മെഡിക്കൽ ടെസ്റ്റിനു തലേദിവസം തുള്ളി ഉള്ളിൽ ചെലുത്താതെ ഒരു ‘ഫുൾ’ കാമിലാരിയും 3-4 ലിറ്റർ വെള്ളവും കുടിച്ചാണ് ആൾ തയ്യാറെടുത്തത്. അതിന്റെ കേട് സ്വാഭാവികമായും പിറ്റേദിവസം തീർത്തിരിക്കും.

(സുരേട്ടൻ എങ്ങനെ മദ്യപനായി, എന്തുകൊണ്ട് 65,000 ത്തിലേറെ ശമ്പളം ലഭിച്ചിരുന്ന ജോലി രാജി വച്ചു, മെക്കാനിക്കൽ എഞ്ചിനിയറായ സുരേട്ടൻ എങ്ങനെ ബാംഗ്ഗൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ എങ്ങനെയാണദ്ദേഹം ‘സേഫ്റ്റി എഞ്ചിനീയറായത്‘ - ഇത്രയും കാര്യങ്ങളൊക്കെ ഈ അവസരത്തിൽ ഞാൻ വിശദീകരിക്കുന്നില്ല.)

മാറി മാറി ഞങ്ങൾ സുരേട്ടന്റെ മൊബൈലിലേയ്ക്ക് വിളിച്ചു നോക്കി. ആൾ പരിധിക്ക് പുറത്തുതന്നെ. ഈ സമയത്ത് സുരേട്ടന്റെ വീട്ടിലേയ്ക്ക് വിളിച്ചുചോദിക്കുന്നതെങ്ങനെ? അല്ലെങ്കിൽ തന്നെ പറയാതെ സുരേട്ടൻ വടകരയ്ക്ക് പോവില്ല. ഏതായാലും നാളെവരെ കാക്കാമെന്ന് തീരുമാനിച്ചു. ഞങ്ങൾ റെയിൽ‌വേ സ്റ്റേഷൻ മുഴുക്കെ പരതി നോക്കി. ഒരിടവും സുരേട്ടനില്ല. പിന്നെ ബിജുവേട്ടന്റെ ഓഫീസിലേയ്ക്കുതന്നെ ഞങ്ങൾ മടങ്ങി.

അതിനിടയിൽ സൈഗാൾ വീട്ടിൽ വിളിച്ചകാര്യം പറയാനായി ബിജുവേട്ടനെ വിളിച്ചു. ആൾ അവിടെയും എത്തിയിട്ടില്ല. എറണാകുളത്തുനിന്നും രാവിലെ വിളിച്ചിരുന്നുവെന്നും ജോലി ശരിയായതിനാൽ തിരുവനന്തപുരം വരെ പോയി കുറച്ചുകാര്യങ്ങൾ തീർത്ത് ചൊവ്വാഴ്ച വീട്ടിലെത്തുമെന്നാണ് അമ്മയോടുപറഞ്ഞത്. ഭാഗ്യവശാൽ സൈഗാൾ സുരേട്ടൻ ഇവിടെ എത്തിയിട്ടില്ലെന്ന കാര്യം അമ്മയെ അറിയിച്ചില്ലെന്നത് ആശ്വാസമായി.

അതിരാവിലെ ഞാൻ തിരികെ വീട്ടിലെത്തി ഒന്നു ഫ്രെഷായി. കാപ്പികുടിച്ചെന്നുവരുത്തി വീണ്ടും ബിജുവേട്ടന്റെ അടുത്തേയ്ക്ക് പോയി. പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത് നന്നായിരിക്കുമെന്ന് തോമാച്ചനെന്ന സ്നേഹിതൻ പറഞ്ഞു. ഉച്ചവരെ നോക്കാമെന്ന അഭിപ്രായമായിരുന്നു ബിജുവേട്ടന്. അപ്പോൾ എന്റെ മൊബൈലിൽ ഒരു കോൾ വന്നു. തിരുവനന്തപുരത്തുനിന്നു തന്നെ. പരിചയമില്ലാത്ത ഒരു ലാൻഡ് നമ്പർ. ‘ക്രെഡിറ്റ് കാർഡ് ഗുണ്ടയാവും‘. ഞാൻ ഫോൺ സൈലന്റിലാക്കി. തൊട്ടുപിന്നാലെ ബിജുവേട്ടന്റെ ഫോൺ ചിലയ്ക്കുന്നു. ഫോണെടുത്ത ബിജുവേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നു. ‘എവിടെ‘ എന്നുമാത്രം ചോദിക്കുന്നു. അങ്ങേ തലയ്ക്കലിൽ നിന്നും മറുപടി കേട്ടാവണം ‘ഞങ്ങളങ്ങോട്ടുവരാം’ എന്നുപറഞ്ഞ് ഫോൺ കട്ടുചെയ്ത് എന്റെ വണ്ടിയിലേയ്ക്ക് കയറി. പിന്നിലായി തോമാച്ചനും. വണ്ടി റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക് വിടാൻ ബിജുവേട്ടൻ പറഞ്ഞു.

പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റിനുമുന്നിൽ വെളുക്കെ ചിരിച്ച് സുരേട്ടൻ. മുഖം കടുത്തിരിക്കുന്നു. ആകെ മുഷിഞ്ഞ വേഷം. കാർ നിർത്തിയതും പിന്നിലേയ്ക്ക് ചാടിക്കയറിയിരുന്ന സുരേട്ടൻ ഒന്നും പറയാതെ എന്റെ ഫോൺ വാങ്ങി ആരെയോ അതിഭീകരമായ ചീത്ത വിളിക്കുന്നു. ‘പുല്ലന്മാരേ‘, ‘ചെറ്റകളേ‘, തുടങ്ങിയ ഇവിടെ കുറിക്കാൻ കൊള്ളുന്ന ചില ബഹുവചനപ്രയോഗങ്ങളും ഇടയ്ക്ക് കേൾക്കാം. തെറിയുടെ സ്റ്റോക്ക് തീർന്നതിനാലോ അതോ അങ്ങേ തലയ്ക്കൽ ഫോൺ കട്ടുചെയ്തതിനാലോ എന്നറിയില്ല ഫോൺ ഓഫ് ചെയ്ത് എനിക്കുനേരേ നീട്ടി.

സംഭവം ചുരുക്കത്തിൽ ഇത്രയേയുള്ളു.

സാമാന്യം ഭേദപ്പെട്ട അബോധാവസ്ഥയിൽ സുരേട്ടനും സ്നേഹിതരുമുൾപ്പെടുന്ന നാൽ‌വർ സംഘം എറണാകുളം സൌത്തിൽ എത്തുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തന്നെ തിരുവനന്തപുരം - ന്യൂദില്ലി ട്രെയിൻ. മൂവരും കൂടി സുരേട്ടനെ ഒരു ഒഴിഞ്ഞ ബെർത്തിൽ കയറ്റിക്കിടത്തി. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ അവർ ചാടിയിറങ്ങി ചാരിതാർത്ഥ്യത്തോടെ ട്രെയിൻ നോക്കി നിന്നു (അതെന്റെ ഊഹം) . സുരേട്ടൻ കിടന്ന കിടപ്പിൽ ഉറങ്ങിപ്പോയി. ആരോ തട്ടിവിളിച്ചുണർത്തി അത് തന്റെ ബെർത്താണെന്നാറിയിക്കുന്നു. സമയം 8.50. എവിടെയെത്തി എന്ന സുരേട്ടന്റെ ചോദ്യത്തിന് ബെർത്തിന്റെ അവകാശി പറഞ്ഞ മറുപടി ഇതാണ്- ‘തിരുപ്പൂർ‘!!

പ്ലാറ്റ്ഫോമിലേയ്ക്ക് ചാടിയിറങ്ങിയ സുരേട്ടൻ ഒരു നിമിഷം ആരാലോ വഞ്ചിക്കപ്പെട്ട ഫീലിംഗ്സോടെ റെയിൽ‌വേ സ്റ്റേഷന് വെളിയിൽ കടക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു അവസ്ഥയിൽ ആരും ‘തിരുവനന്തപുരത്തേയ്ക്ക് എപ്പോഴാണ് ഇനി ട്രെയിൻ’ എന്ന ചോദ്യമായിരിക്കും ഉയർത്തുക. എന്നാൽ നമ്മുടെ സുരേട്ടൻ ആദ്യം കണ്ട വ്യക്തിയോടു അറിയാവുന്ന തമിഴിൽ ചോദിച്ചത് ഇത്രമാത്രം.

“ പക്കത്തിലെതാവത് വൈൻ ഷാപ്പ് ഇറിക്കിങ്ക്ലാ”

------------------------------

അതെ. സുരേട്ടനും മദ്യപാനവും തമ്മിലുള്ള ആത്മബന്ധത്തെ വർണ്ണിക്കാൻ ഈ ചോദ്യം തന്നെ ധാരാളമല്ലേ? രാത്രി 10.45-നുള്ള ട്രെയിൻ കയറി സുരേട്ടൻ ഞങ്ങളുടെ അടുത്തെത്തി. ഈ ശനിയാഴ്ച അദ്ദേഹം സൌദി അറേബ്യയിലേയ്ക്ക് പറക്കും. സൌദിയിലെത്തെണ്ടയാൾ സോമാലിയയിലെത്തരുതേയെന്നെ പ്രാർത്ഥനയേ സഹകുടിയനായ ഈയുള്ളവനുള്ളു.